തുറവൂർ: ലഹരി ഉപയോഗം തുടച്ചു നീക്കാൻ സർക്കാർ ഓപ്പറേഷൻ തൂഫാൻ നടത്തുന്പോഴും തീരദേശത്ത് ലഹരി വിൽപ്പന വ്യാപകം.
ചെല്ലാനം, പള്ളിത്തോട്, ചാപ്പക്കടവ്, അന്ധകാരനഴി, ഒറ്റമശേരി, തൈക്കൽ, എന്നീ മേഖലകളിലാണ് മയക്കുമരുന്ന് വ്യാപാരവും ഉപയോഗവും വർധിക്കുന്നത്. വിദ്യാർഥികൾ ഉൾപ്പെടെ ഇതുപയോഗിക്കുന്നുണ്ട്. കഞ്ചാവ്, എംഡിഎംഎ, മറ്റ് രാസലഹരികൾ എന്നിവയൊക്കെ വിറ്റഴിക്കപ്പെടുന്നുണ്ട്.
തീരദേശത്തെ ചില കടകളിൽ ഹാൻസ് കച്ചവടം തുടരുകയാണ്. കൂടാതെ ഇരുചക്രവാഹനങ്ങളിൽ ഹാൻസ് കൊണ്ടുവന്നു വിൽക്കുന്നവരും കൂടിവരികയാണ്. ചെല്ലാനം ഹാർബർ, ചാപ്പക്കടവ്, പഞ്ചായത്ത് പാലം, പള്ളിത്തോട് മേഖലയിൽ അതിരാവിലെ തന്നെയാണ് ബൈക്കുകളിലും സൈക്കിളിലും കാറിലും ഹാൻസും കഞ്ചാവുമെത്തിച്ച് വിൽപ്പന നടത്തുന്നത് .
200 മുതൽ 500 രൂപ വരെ വിലയ്ക്കാണ് നിലവിൽ ഒരു പായ്ക്കറ്റ് ഹാൻസ് വിറ്റുകൊണ്ടിരിക്കുന്നത്. പോലീസിന്റെയും എക്സൈസിന്റെയും നടപടി ശക്തമാകുമ്പോഴും ഇവരയെല്ലാം വെല്ലുവിളിച്ചു കൊണ്ടാണ് മയക്കുമരുന്നു സംഘം അഴിഞ്ഞാടുന്നത്. പള്ളിത്തോട്, ചാപ്പക്കടവ് മേഖലയിൽ രാസലഹരിയുടെ ഉപയോഗം വ്യാപകമാവുകയാണ്.
പശ്ചിമ കൊച്ചിയിൽനിന്നും തമിഴ്നാട്ടിൽനിന്നും ബാംഗ്ലൂരിൽനിന്നുമാണ് ഇവിടെ മയക്കുമരുന്ന് എത്തുന്നത്. തീരദേശത്തെ വിവാഹ വീടുകളിലും മറ്റ് ആഘോഷങ്ങളിലും മദ്യത്തിന് പകരം മയക്കുമരുന്ന് നൽകുന്ന സംഭവങ്ങളുമുണ്ടായിട്ടുണ്ട്.
ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണ് മയക്കുമരുന്ന് വിൽപനയും ഉപയോഗവും. എറണാകുളം ആലപ്പുഴ ജില്ലകളുടെ അതിർത്തിയായ ചെല്ലാനത്ത് കണ്ണമാലി പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നുണ്ടെങ്കിലും ആലപ്പുഴ ജില്ലയിലേക്ക് കടന്ന് മയക്കുമരുന്ന് പിടിക്കുന്നതിന് പരിമിതികളുണ്ടെന്നാണ് കണ്ണമാലി പോലീസ് പറയുന്നത്.
കണ്ണമാലി സ്റ്റേഷനെ തീരദേശ പോലീസ് സ്റ്റേഷനായി പ്രഖ്യാപിച്ചുകൊണ്ട് അന്ധകാരനഴി വരെയുള്ള പ്രദേശങ്ങൾ സ്റ്റേഷൻ പരിധിയിൽ വരുത്തിയാൽ പോലീസ് സഹായം എളുപ്പത്തിൽ ലഭിക്കും.
ചാപ്പക്കടവ്- ചെല്ലാനം ഹാർബർ കേന്ദ്രീകരിച്ച് ഒരു ദിവസം അമ്പതിനായിരത്തിലധികം രൂപയുടെ ഹാൻസാണ് വിൽപ്പന നടത്തുന്നത്.
തീരദേശ മേഖലയിലെ മയക്കുമരുന്നു സംഘങ്ങളെ അടിച്ചമർത്താനുള്ള നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമാണ്.